Saturday, May 25, 2024
spot_img

ശിക്ഷയല്ല നൽകുന്നത് നീതി !പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാലും ആൾക്കൂട്ട ആക്രമണത്തിനും വധശിക്ഷബലാത്സംഗത്തിന് 20 വർഷം തടവ്

ദില്ലി : ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും.

“ഓഗസ്റ്റ് 16 മുതല്‍, സ്വാതന്ത്ര്യത്തിന്റെ 75 മുതല്‍ 100 വര്‍ഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഐപിസി (1857), സിആര്‍പിസി (1858), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്. അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ അവയുടെ സ്ഥാനത്ത് തങ്ങള്‍ മൂന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ശിക്ഷയല്ല നീതി നല്‍കാനാണ് അത് ലക്ഷ്യമിടുന്നത്. ക്രിമിനല്‍ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. ആളുകളിപ്പോള്‍ ഭയപ്പാടോടെയാണ് കോടതിയില്‍ പോകുന്നത്. കോടതിയില്‍ പോകുന്നത് ശിക്ഷയാണെന്നാണ് അവര്‍ കരുതുത്” അമിത് ഷാ പറഞ്ഞു.

ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’യാണ് പുതിയ നിയമം. ഭാരതീയ ന്യായ സംഹിതയില്‍ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകള്‍ ഭേദഗതി ചെയ്യും. ഐപിസിയില്‍ 511 സെക്ഷനുകളാണ് ഉണ്ടായിരുന്നത്. സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിലും പുതിയ നിയമം വരും.മൂന്ന് വർഷം മുൻപാണ് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡെന്‍സ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ദില്ലി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിംഗ്, അദ്ധ്യക്ഷനായ സമിതിയില്‍ അന്നത്തെ എന്‍എല്‍യു-ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎന്‍എല്‍യു വിസി പ്രൊഫസര്‍ ഡോ ബല്‍രാജ് ചൗഹാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി എന്നിവരും കമ്മിറ്റിയിൽ ഉള്‍പ്പെടുന്നു.
രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയില്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ ജീവിതകാലം മുഴുവൻ തടവുശിക്ഷയായിരിക്കുമെന്നും തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിന് പുറമെ തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്തിയാൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

‘ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ,ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും’ പുതിയ നിയമം അവതരിപ്പിച്ച ബില്ലിനെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles