Sunday, May 5, 2024
spot_img

വെന്ത് വെണ്ണീറായി അമേരിക്കൻ സ്വപ്ന ഭൂമി ! ഹവായ് ദ്വീപുകളിലെ കാട്ടുതീയിൽ മരണം 53 ആയി

ഹവായ് : മൂന്നാം ദിനത്തിലും പൂർണ്ണമായും കെടുത്താനാകാത്ത കാട്ടുതീയിൽ വെന്ത് വെണ്ണീറായി അമേരിക്കൻ സ്വപ്നഭൂമിയായി അറിയപ്പെടുന്ന ഹവായ് ദ്വീപുകൾ. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 53 ആയി ഉയർന്നു. നിരവധിയാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരത്തോളം പേർ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. വീടുകൾ ഉൾപ്പെടെ 2000തോളം കെട്ടിടങ്ങളെ പൂർണ്ണമായും തീ വിഴുങ്ങി.

വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു. പതിനായിരത്തോളം വിനോദ സഞ്ചാരികളെ മാറ്റിപ്പാർപ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മാവി കൗണ്ടിയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും കത്തി നശിച്ചു. പതിനായിരത്തോളം പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 1873ൽ ഇന്ത്യയിൽ നിന്നെത്തിച്ച് ഫ്രണ്ട് സ്ട്രീറ്റിൽ നട്ടുപിടിപ്പിച്ച വളരെ പഴക്കം ചെന്ന അരയാൽ മരവും കത്തി നശിച്ചു. ഇതിനിടെ ഹവായിയിൽ രൂപം കൊണ്ട ഡോറ ചുഴലിക്കാറ്റ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. 80 ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദ്വീപിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles