കോട്ട : മത്സര പരീക്ഷകളുടെ പരിശീലനത്തിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തുവെന്ന റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആത്മഹത്യയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം കോട്ടയില്‍ 19 വിദ്യാർത്ഥികളാണു ജീവനൊടുക്കിയത്.
ഐഐടി – ജെഇഇയ്ക്കു പ്രവേശന പരീക്ഷയ്ക്കായി വേണ്ടി തയാറെടുത്തുകൊണ്ടിരുന്ന പതിനേഴുകാരനായ മനീഷ് പ്രജാപതിയാണ് ജീവനൊടുക്കിയത്. ഇന്നലെ പിതാവ് കോട്ടയിലെത്തി മനീഷിനെ കണ്ടു മടങ്ങിയതിനു പിന്നാലെയാണ് മുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് കുട്ടി തൂങ്ങി മരിച്ചത്. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ മനീഷ് നാലു മാസം മുന്‍പ് കോട്ടയിലെത്തിയത്. മികച്ച രീതിയില്‍ പഠനം മുന്നോട്ടു കൊണ്ട് പോകാൻ മനീഷിനു കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇന്നലെ പിതാവ് മനീഷിനെ കാണാനായി കോട്ടയിലെ മഹാവീര്‍ നഗറിലെ മനീഷിന്റെ ഹോസ്റ്റലില്‍ എത്തിയിരുന്നു. അദ്ദേഹം വൈകുന്നേരത്തോടെ നാട്ടിലേക്ക് മടങ്ങി. യാത്രയ്ക്കിടെ രാത്രി എട്ടു മണിക്കു മകനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് ഹോസ്റ്റലില്‍ വിളിച്ചു വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

