Friday, May 17, 2024
spot_img

“കാലാതീതനായ എഴുത്തുകാരന്‍”…. മലയാള സാഹിത്യലോകത്ത് തിരയിളക്കങ്ങൾ സൃഷ്‌ടിച്ച, എം ടി വാസുദേവൻനായർക്ക്‌ ഇന്ന് പിറന്നാൾ

മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ, എം.ടി വാസുദേവൻനായർക്ക്‌ ഇന്ന് 88–-ാം പിറന്നാൾ. കോവിഡ്‌ കാലമായതിനാൽ ആഘോഷമില്ലാതെ സാധാരണ ദിനമായാണ്‌ രണ്ടുവർഷമായി എംടിയ്ക്ക്‌ പിറന്നാൾ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഓരോ എം.ടി കഥയും ഒരു ചരിത്രമാണ്. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. കര്‍മ്മ മേഖലകളിലെല്ലാം സജീവസംഭാവനകള്‍. തലമുറകളുടെ സ്‌നേഹവാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകള്‍ക്കായി അദ്ദേഹം കാത്തുവച്ചു.

1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും.നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ സാഹിത്യരചനയില്‍ താല്പര്യം കാണിച്ചിരുന്നു. വിക്ടോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായി. എന്നാല്‍ അന്‍പതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകരാന്‍ എന്ന നിലയ്ക്കുള്ള എം.ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത്. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശയായി പുറത്തുവരുന്നത് ആ സമയത്താണ്. 1958ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്. തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെ കഥ പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി.

എം.ടിയുടെ സിനിമാജീവിതം

സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എം.ടിയുടെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. ‘നിര്‍മ്മാല്യം’ (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ( കാലം ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ( നാലുകെട്ട് ), വയലാര്‍ അവാര്‍ഡ് ( രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മഗാന്ധി സര്‍വ്വകലാശാലയും അദ്ദേഹത്തിനു ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles