ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ കുറവ്. 138.95 അടിയിൽ നിന്ന് 130.85 അടിയിലേക്ക് താഴ്ന്നു. സ്പിൽവേയിലെ ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ്
ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്. സ്പിൽവേ വഴി കടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.
അതേസമയം മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയായിട്ടുണ്ട്.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

