കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറിയതോടെ ഏറ്റുമാനൂരിന് ഇനി ഉത്സവകാലം. കുംഭമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടു കണക്കാക്കിയാണു വർഷങ്ങൾക്കു മുൻപ് ഈ ഉത്സവം ക്രമീകരിച്ചത്.
ജ്യോതിശാസ്ത്ര ആചാര്യൻ തലക്കുളത്ത് ഭട്ടതിരിയാണ് ഏറ്റുമാനൂർ ഉത്സവം നടക്കേണ്ട മാസവും നാളും നിശ്‌ചയിച്ചത് എന്നാണു ഐതിഹ്യം.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആയിരം വർഷത്തേക്കു കൊടിയേറ്റിനുശേഷം പ്രദോഷം വരാത്തവിധമാണ് ആറാട്ടു നടക്കേണ്ട മാസവും ദിവസവും തലക്കുളത്ത് ഭട്ടതിരി കണക്കുകൂട്ടിയെടുത്തത്.
അതേസമയം പഴമക്കാർക്ക് കൃഷി വർഷത്തിന്റെ തുടക്കമാണ് ഏറ്റുമാനൂർ കൊടിയേറ്റ്. കൊടിയേറ്റ് ദിവസം നടുന്ന മരച്ചീനിയും നടുതലയും നല്ലവിളവ് നൽകുമെന്നാണു പഴമക്കാർ പറയുന്നത്. 10 ദിവസമുള്ള ഉത്സവം ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാതെ ആഘോഷമായി നടത്തുന്നതിനാണു ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വത്തിന്റെയും തീരുമാനം.
മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉത്സവം ആഘോഷമായി നടത്തുന്നതിനു തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടന്നത്. പാസ് ഉപയോഗിച്ചാണ് ഏഴരപ്പൊന്നാന ദർശനം ഉൾപ്പെടെ നടന്നത്.
എന്നാൽ ഈ പ്രാവശ്യം ക്ഷേത്ര മൈതാനത്ത് പോലീസ് പ്രത്യേകം സജ്ജമാക്കിയ ബാരിക്കേഡ് വഴിയാണു ഭക്തരെ ഏഴരപ്പൊന്നാന ദർശനം നടത്തുന്നതിനു ക്ഷേത്രത്തിനുള്ളിലേക്കു കയറ്റുക. ഒന്നാം ഉത്സവം മുതൽ ഭക്തർക്കു ക്ഷേത്ര കൊടിമരച്ചുവട്ടിൽ പറ വഴിപാട് നടത്തുന്നതിനു സൗകര്യമുണ്ട്. എന്നാൽ ആറാട്ട് വഴിയിൽ പറ വഴിപാട് സ്വീകരിക്കില്ല. ഭക്തർക്കു വിളക്കു തെളിച്ച് ആറാട്ടിനു സ്വീകരണം നൽകാം.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു പ്രൗഢിയേകുന്നതിന് ഏറ്റുമാനൂരപ്പന്റെ സ്വർണത്തിടമ്പ് ശിരസ്സിൽ വഹിക്കാൻ ഗജവീരന്മാർ അണിനിരക്കും. ദേവസ്വം ബോർഡിലെ ഏറ്റവും വലിയ ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, ഉഷശ്രീ ദുർഗ പ്രസാദ്, വായ്പൂര് ഗംഗാധരൻ, ചൈത്രം അച്ചു, നടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ എന്നീ ആനകൾ വിവിധ ദിവസങ്ങളിൽ തിടമ്പ് വഹിക്കും. തുടർന്ന് അഞ്ചാം ഉത്സവം വരെ 3 ആനകളും ആറാം ഉത്സവം മുതൽ പത്താം ഉത്സവം വരെ 5 ആനകളും അണിനിരക്കും.
കൂടാതെ ആറാട്ട് പുറപ്പാടിനും തിരിച്ചെഴുന്നള്ളത്തിനും തിടമ്പെടുക്കുന്ന ആന കൂടാതെ രണ്ട് ആനകൾ അകമ്പടിയായി അണിനിരക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യപ്രകാരം മന്ത്രി വി.എൻ.വാസവൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണു മുല്ലയ്ക്കൽ ബാലകൃഷ്ണനെ ഏറ്റുമാനൂർ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് ഉത്തരവിറക്കിയത്.

