വിഴിഞ്ഞം : രാജ്യാന്തര തുറമുഖ പദ്ധതി സ്ഥലത്തെ 220 കെ വി വൈദ്യുത സബ്സ്റ്റേഷന്റെ ഉത്ഘാടനം 30 ന് നടക്കും . കഴിഞ്ഞ മെയ് മാസം മുതൽ പരീക്ഷണാർത്ഥം നടത്തിയ ചാർജിങ് വിജയകരമായതിനെ തുടർന്നാണ് ഉത്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കൂടാതെ മന്ത്രിമാരായ ആന്റണി രാജുവും വി ശിവൻകുട്ടിയും ചടങ്ങിൽ പങ്കെടുക്കും . തുറമുഖ പദ്ധതിക്കായി ഏറ്റെടുത്ത വിഴിഞ്ഞം മുക്കോലയിലുള്ള ഗ്യാസ് ഇന്സുലേറ്റഡ് 220 കെ വി സബ്സ്റ്റേഷൻ കാട്ടാക്കടയിലെ കെ എസ് ഇ ബി ഗ്രിഡുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത് .മുക്കോലയിൽ നിന്ന് 33 കെ വിയായി തുറമുഖ നിർമ്മാണ സ്ഥലത്തു നിർമിച്ച സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചശേഷം ഇവിടെ നിന്ന് 11 കെ വിയായിട്ടാവും തുറമുഖത്തേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയെന്ന് അധികൃതർ അറിയിച്ചു .
വൈദ്യുതി തടസ്സപ്പെട്ടാൽ അടിയന്തിര ഘട്ടങ്ങളിൽ കാഞ്ഞിരംകുളം സബ്സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിക്കുന്നതിനും സംവിധാനം ഏർപെടുത്തിയിട്ടുണ്ട്.

