Monday, May 6, 2024
spot_img

ഒരുങ്ങുന്നു ‘ജീവതാളം’ പദ്ധതി; ‘ജീവിതശൈലി രോഗങ്ങള്‍ ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളി’ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്നതാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതി ‘ജീവതാളം’ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗമുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും രോഗം ഇല്ലാത്തവര്‍ക്ക് അത് വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം.ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ‘ശൈലി ആപ്പ്’ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ആരോഗ്യ പരിചരണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയണം.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട രോഗനിര്‍ണയം നടത്തുകയും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ജീവതാളം നടപ്പാക്കുകയും ചെയ്യും. അക്ഷരാര്‍ത്ഥത്തില്‍ ജീവിതതാളം തന്നെ നിര്‍ണയിക്കുന്ന ഒരു പരിപാടിയാണ് ജീവതാളം എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.ജീവതാളം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ഇതിന്റെ ഫലം കോഴിക്കോടിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജീവതാളം പരിപാടിക്ക് മുന്നിട്ടിറങ്ങിയ ആരോഗ്യവകുപ്പിനെയും തദ്ദേശ വകുപ്പിനെയും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ടീമുകളെയും പ്രത്യേകമായി മന്ത്രി അഭിനന്ദിച്ചു.

Related Articles

Latest Articles