Tuesday, May 7, 2024
spot_img

ഫയൽ തീർപ്പാക്കൽ യജ്ഞം; നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജീവനക്കാരെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും തുറന്നുപ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. അവധി ദിനമായ ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995ഫയലുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കിയിരുന്നു.

സെപ്റ്റംബർ 18 ഞായറാഴ്ചയും ജീവനക്കാർ ജോലിക്കെത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഫയൽ തീർപ്പാക്കലിനായി ആവശ്യമെങ്കിൽ അദാലത്തുകളും സംഘടിപ്പിക്കും. ജൂലൈ 31 നകം സേവനം നൽകേണ്ട ഫയലുകൾ തീർപ്പാക്കാതെ ബാക്കിയുണ്ടെങ്കിൽ, അദാലത്തിൽ ഉൾപ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

എല്ലാ ഓഫീസിലും ഫയൽ അദാലത്ത് സംഘാടനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കേണ്ട ഫയലുകൾ ആഗസ്റ്റ് 28നകം തീർപ്പാക്കും. ജില്ലാ തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 5നകവും തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 20നകവുമാണ് തീർപ്പാക്കേണ്ടത്. കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളിൽ ചട്ടം 20(3) പ്രകാരമുള്ള ഇളവ് 20 ശതമാനം വരെ നൽകാൻ അദാലത്ത് സമിതികൾക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകൾക്ക് മാത്രമേ മൂന്ന് മീറ്റർ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

Related Articles

Latest Articles