Tuesday, May 7, 2024
spot_img

ഇന്ത്യാ ഗവണ്‍മെന്റ് സമര്‍പ്പിച്ച 5000 പേജ് വരുന്ന തെളിവുകള്‍ പഠിക്കണം; ജയിലിനുള്ളില്‍ ലാപ്‌ടോപ്പ് വേണമെന്ന് നീരവ് മോദി

ലണ്ടന്‍: ജയിലിനുള്ളില്‍ ലാപ്‌ടോപ്പ് വേണമെന്ന് നീരവ് മോദി. ഇന്ത്യാ ഗവണ്‍മെന്റ് തനിക്കെതിരെ സമര്‍പ്പിച്ച 5000 പേജ് വരുന്ന തെളിവുകൾ പഠിക്കാൻ നീരവ് മോദി ലാപ് ടോപ്പ് ആവശ്യപ്പെട്ടു. വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി വീഡിയോ ലിങ്കിലൂടെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. തുടര്‍ന്ന് അഭിഭാഷകയായ ജെസീക്ക ജോണ്‍സ് മുഖേനയാണ് നീരവ് മോദി ലാപ്‌ടോപ്പ് ആവശ്യപ്പെട്ടത്.

ഇന്ത്യാ ഗവണ്‍മെന്റ് മോഡിക്കെതിരെ അയ്യായിരം പേജ് വരുന്ന തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും അത് പഠിക്കാന്‍ ലാപ്‌ടോപ്പ് അനുദവിക്കണമെന്നും ജെസീക്ക ജോണ്‍സ് ആവശ്യപ്പെട്ടു. ജൂലൈ 29ന് വീണ്ടും കോടതിയില്‍ ഹാജരാകുന്നതിന് മുമ്ബ് തെളിവുകള്‍ പഠിക്കാനാണ് നീരവ് മോഡിയുടെ ആവശ്യം. അതേസമയം 25ന് കോടതിയില്‍ നേരിട്ട് എത്തി തെളിവുകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഒരു ദിവസം പൂര്‍ണമായി ലഭിച്ചാലും തെളിവുകള്‍ പൂര്‍ണമായി പരിശോധിക്കാനാകില്ലെന്നും ഒന്നിലധികം പെട്ടികള്‍ നിറയെ പേപ്പറുകളുണ്ടെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ജയിലിലിരുന്ന് തെളിവുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

അതേസമയം ജയിലിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അനുവദനീയമല്ലെന്ന് എച്ച്‌.എം പ്രിസണ്‍ സര്‍വീസ് വക്താവ് അറിയിച്ചു. എന്നാല്‍ തടവുകാര്‍ക്ക് ആവശ്യമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത ലാപ്‌ടോപ്പ് അനുവദനീയമാണ്.

Related Articles

Latest Articles