Friday, October 2, 2026

നാളെ തൃശ്ശൂരിൽ നേഴ്‌സുമാരുടെ സൂചനാ പണിമുടക്ക് : വേതന വ‍ർധനവ് ആവശ്യപ്പെട്ട് പടിഞ്ഞാറെ കോട്ടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ച്

തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്. വേതന വർധനവ് ആവശ്യപ്പെട്ടാണ് ഇവർ സമരത്തിനൊരുങ്ങുന്നത്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്നതാണ് ഇവരുടെ ആവശ്യം. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശ്ശൂർ ജില്ലയിലെ സ്വകാര്യ നേഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തും . ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎ തീരുമാനിച്ചിരിക്കുന്നത്.

വേതന വർധവാവശ്യപ്പെട്ട് കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച തീരുമാനമാവാതെ പിരിയുകയും തൃശ്ശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്. നേഴ്‌സുമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ തൃശ്ശൂരിൽ സമരത്തിൻ്റെ ഭാഗമായി പത്ത് മണിക്ക് പടിഞ്ഞാറെ കോട്ടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തും. സമരം ഫലം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സമരം വ്യപിപ്പിക്കുമെന്നും അവർ അറിയിച്ചു.

Related Articles

Latest Articles