Monday, April 29, 2024
spot_img

അബദ്ധത്തില്‍ കിണറ്റില്‍ വീണു; മകളെ രക്ഷിക്കാന്‍ 61കാരിയായ അമ്മയും കൂടെ ചാടി; ഒടുവിൽഇരുവരെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

മലപ്പുറം: അബദ്ധത്തിൽ കിണറ്റിൽ വീണ മകളെ രക്ഷിക്കാനായി 61കാരിയായ അമ്മയും കൂടെ ചാടി. ഒടുവിൽ കിണറ്റില്‍ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും രക്ഷിച്ചത്. റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ സി കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും മകളെയും ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles