Monday, October 5, 2026

ഇരുട്ടിൽ തീയായി ജ്വലിച്ച് ‘പാപ്പൻ’: മാസ് ലുക്കിൽ സുരേഷ് ​ഗോപി; ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാളത്തിന്റെ സ്വന്തം ജോഷിയാണ് ‘പാപ്പന്‍’ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അതിനാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് പോസ്റ്റർ. വീഡിയോയിൽ ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന ‘പാപ്പനെ’ വീഡിയോയിൽ കാണാനാകും. സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മാസ്സ് ലുക്കിലാണ്.

പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പാപ്പന്. മാത്രമല്ല സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സിനിമയിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.

Related Articles

Latest Articles