Sunday, May 5, 2024
spot_img

നടിയെ ആക്രമിച്ച കേസ്; ‘വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ’; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നുമാണ് അതിജീവിതയുടെ ആരോപണം. അന്വേഷണ റിപ്പോർട്ട് റദ്ദാക്കി, ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തൽ. 2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.

2018 ഡിസംബർ 13 ന് ജില്ലാ ജ‍ഡ്ജിയുടെ പിഎ മഹേഷ് തന്‍റെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരണമാണെന്നും മൊഴി. എന്നാൽ ജ‍ഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകി.

അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles