Monday, May 6, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്ന് ആരോപണം; ഹൈക്കോടതി അനുമതി നൽകിയിരുന്നത് സിബിഐ കോടതിക്ക്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചു. ജഡ്ജി ഹണി എം. വർഗീസിന് മുന്നിലാണ് ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചത്.

സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ വിശദീകരിക്കുന്നു. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി. കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

Related Articles

Latest Articles