Thursday, May 9, 2024
spot_img

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം കൊള്ളയടിച്ചു; സ്വർണ്ണവും, പണവും കവർന്ന ശേഷം അക്രമികൾ ക്ഷേത്രം തല്ലിത്തകർത്തു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് (Hindu Temple Attack) നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലുള്ള ഹനുമാൻ ദേവി മാതാ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രത്തിന്റെ മേൽക്കൂര വഴി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

ഓഫീസ് മുറിയും ശ്രീകോവിലും പ്രതികൾ കുത്തിത്തുറന്നു. വിഗ്രഹത്തിൽ ചാർത്തിയതും, ഓഫീസ് റൂമിൽ സൂക്ഷിച്ചതുമായ സ്വർണവും ഭണ്ഡാരത്തിലെ പണവുമാണ് മോഷണം പോയത്. പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് എഫ്‌ഐആർ (FIR)രജിസ്റ്റർ ചെയ്തു.

പാകിസ്ഥാൻ പീനൽ കോഡിലെ 295ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് മുൻപും ക്ഷേത്രത്തിൽ സമാനമായ രീതിയിൽ കവർച്ച നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഈ വർഷം ജനുവരിയിലും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.

അതേസമയം ഇക്കഴിഞ്ഞ അഗസ്റ്റിലും പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം മതഭ്രാന്തന്മാർ തല്ലിത്തകർത്തിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയായ ഭൂംഗിലുള്ള സിദ്ധി വിനായക ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ മതതീവ്രവാദികൾ പൊളിച്ചുകളഞ്ഞ പഞ്ചാബ് പ്രവിശ്യയിലുള്ള ഹിന്ദു ക്ഷേത്രം ഉടൻ പുനർനിർമ്മിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിടുകയായിരുന്നു.

Related Articles

Latest Articles