Wednesday, October 7, 2026

”ലക്കി സിംഗ്” ആയി കിടിലൻ ലുക്കിൽ മോഹന്‍ലാല്‍: പുലിമുരുകനു ശേഷം മോണ്‍സ്റ്ററുമായി വൈശാഖ്

മലയാളം ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകനു ശേഷം വൈശാഖ്-ഉദയകൃഷ്‌ണ ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകനു ശേഷം ഇവരെത്തുമ്പോൾ വീണ്ടും പ്രതീക്ഷ ഇരട്ടിക്കുകയാണ്. ഇത്തവണ ”ലക്കി സിംഗ്” എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ലുക്കാണ് പോസ്റ്ററില്‍. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവ്വഹിക്കുന്നു. ഗാനരചന മധു വാസുദേവനും സംഗീത സംവിധാനം ദീപക് ദേവും നിർവ്വഹിക്കുന്നു.

റിലീസ് കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം റാം, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോൺ എന്നിവയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ. മാത്രമല്ല ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന ഈ അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.

Related Articles

Latest Articles