Sunday, May 5, 2024
spot_img

അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം; സ്പീക്കർ ഖേദം പ്രകടിപ്പിക്കണം! ഒരു നാടിനെ നശിപ്പിക്കാൻ ഇത്രത്തോളം അപകടം പിടിച്ച മറ്റൊരു വിഷയമില്ല; ശാസ്ത്രവും മിത്തും വിവാദത്തിൽ പ്രതികരണവുമായി അഖിൽ മാരാർ

ശാസ്ത്രവും മിത്തും വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയായ അഖിൽ മാരാർ. താൻ ഒരു ഗണപതി ഭക്തനാണെന്നും അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസമെന്നും സ്പീക്കർ ഖേദം പ്രകടിപ്പിക്കണമെന്നും അഖ്‌ൽ മാരാർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ഒന്നും തന്നെ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നും എല്ലാവരുടേയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അഖിലിന്റെ പ്രതികരണം. ഒരു നാടിനെയാകെ നശിപ്പിക്കാൻ കഴിയുന്ന വിഷയമാണിത് എന്നും വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ കൂടുതൽ അപകടത്തിലേക്ക് പോകാതെ നോക്കണം എന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാരുടെ വാക്കുകൾ

‘വളരെ അപകടം പിടിച്ച വിഷയമായിരുന്നിട്ട് കൂടി വിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന, അരങ്ങേറി കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ കാണുമ്പോൾ നിശബ്ദത പാലിക്കുക എന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ലൈവിൽ വന്ന് അഭിപ്രായം പറയാം എന്ന് ആഗ്രഹിച്ചത്. അത് ഈ വിഷയത്തിന്റെ ഗ്രാവിറ്റി മനസിലാക്കി കൊണ്ട് തന്നെയാണ്. കേരളത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വിഷയം ആറ്റംബോംബിനേക്കാൾ അപകടകരമാണ്. ഒരു നാടിനെ നശിപ്പിക്കാൻ ഇത്രത്തോളം അപകടം പിടിച്ച ഒരു വിഷയവുമില്ല. എല്ലാവരുടേയും വിശ്വാസം വലുതാണ്.

എല്ലാവരുടേയും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ ആ വിശ്വാസത്തെ ഹനിക്കപ്പെടുന്ന രീതിയിൽ പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. ഒരു കഥ ഞാൻ പറയാം. ഒരു അടച്ച് വെച്ച ജാറിനുള്ളിൽ ചുവന്ന ഉറുമ്പുകളേയും കറുത്ത ഉറുമ്പുകളേയും നമ്മൾ അടയ്ക്കുന്നു. ഈ ഉറുമ്പുകൾ ഈ ജാറിനുള്ളിൽ വളരെ സമാധാനത്തോടെയും സന്തോഷത്തോടേയും കൂടി കഴിയുന്നു. നമ്മളിലൊരാൾ ഈ അടച്ച് വെച്ച ജാറെടുത്ത് കുലുക്കുകയാണ്. അങ്ങനെ കുലുക്കുമ്പോൾ ജാറിനകത്തെ ഉറുമ്പുകൾ പരസ്പരം തമ്മിൽ തള്ളും. കറുത്ത ഉറുമ്പ് വിചാരിക്കും ചുവന്ന ഉറുമ്പ് എന്നെ ഉപദ്രവിച്ചു എന്ന്. ചുവന്ന ഉറുമ്പ് വിചാരിക്കും കറുത്ത ഉറുമ്പ് എന്നെ ഉപദ്രവിച്ചു എന്ന്. ഇവർ അതിക്രൂരമായി പരസ്പരം തമ്മിൽത്തല്ലി ചാവും.

അവർ ഒരുകാലത്തും തിരിച്ചറിയില്ല ഈ കുലുക്കിയ കൈകൾ ആരുടേതാണ് എന്നും എന്തുകൊണ്ടാണ് നമ്മൾ തമ്മിൽ തല്ലി മരിച്ചതെന്നും. ഒരുകാലത്ത് മതങ്ങൾ കച്ചവടവൽക്കരിക്കപ്പെട്ടെങ്കിൽ ഇന്ന് മതങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ആയുധങ്ങളാക്കാൻ വേണ്ടി മാറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മളൊക്കെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രം എന്നത് ഹിന്ദു സങ്കൽപ്പത്തിൽ പറയുന്നത് ക്ഷയാത് തായതെ ഇതി ക്ഷേത്രാ എന്നാണ്. നാശത്തിൽ നിന്ന് നമ്മളെ മുക്തമാക്കുന്ന ഒരു ഇടമാണ് ക്ഷേത്രം.

നാശം ആത്മീയമാകാം, ലൗകികമാകാം, സാമ്പത്തികമാകാം, ശാരീരികമാകാം, മാനസികമാകാം. ഏത് വിധത്തിലുള്ള നാശവും മനുഷ്യന് സംഭവിക്കുമ്പോൾ അവൻ അതിൽ നിന്ന് മോചനം നേടാൻ വേണ്ടിയിട്ട് നമ്മുടെ പൂർവികർ നമുക്ക് വേണ്ടി സൃഷ്ടിച്ച ഒരു ഇടമാണ് ക്ഷേത്രം. ആ ക്ഷേത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ആ പ്രമാണ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം നമ്മുടെ മനുഷ്യശരീരമാണ് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യരുടെ മാനസിക-ഭൗതികതലങ്ങൾ പലതരത്തിലുള്ളതായതിനാൽ ഓരോരുത്തരേയും അവരെ ശരികളിലേക്ക് നയിക്കാൻ പലവിധത്തിലുള്ള കഥകൾ സൃഷ്ടിക്കപ്പെടേണ്ടി വന്നിട്ടുണ്ട്.

പലവിധത്തിലുള്ള കെട്ടുകഥകൾ സൃഷ്ടിക്കപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ആത്യന്തികമായി ഒരു മനുഷ്യന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം തെറ്റല്ല. ബിഗ് ബോസ് ഹൗസിൽ ഒരു കോടതി സീനുണ്ടായിരുന്നു. അതിൽ എന്നെ ശിക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് ഞാൻ ഏത്തമിടുന്നുണ്ട്. ആ സമയം ഞാൻ എന്താണ് പറഞ്ഞിരുന്നത് എന്ന കാര്യം അവർ മ്യൂട്ട് ചെയ്തിരുന്നു എന്ന് ഞാൻ കഴിഞ്ഞ ദിവസമാണ് മനസിലാക്കിയത്. സമയം ഞാൻ ചൊല്ലിയത് ഗണപതി സ്തോത്രമാണ്. അതായത് ഞാൻ തെറ്റ് ചെയ്ത് കഴിഞ്ഞാൽ ഗണപതി ഭഗവാന്റെ മുന്നിൽ ചെന്ന് ഏത്തമിടും. ബിഗ് ബോസിൽ എനിക്ക് പറ്റിയ തെറ്റ് എന്റെ സഹമത്സരാർത്ഥികൾക്ക് മുൻപിൽ പരാജയപ്പെട്ടവനായി കാണിക്കാൻ ആഗ്രഹിക്കാത്തിടത്തോളം കാലം ഞാനെന്ത് ചെയ്തു എന്റെ തെറ്റിനെ ഗണപതിക്ക് മുൻപിൽ ഏറ്റുപറഞ്ഞു.

ഇതിന്റെ പേരിൽ ഹൗസിനുള്ളിൽ ഭയങ്കരമായ തർക്കവുമൊക്കെ നടന്നു. പക്ഷെ അത് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കണ്ടന്റ് ആയത് കൊണ്ടായിരുന്നു നിങ്ങളാരും അത് കേൾക്കാതിരുന്നത്. എന്നെ സംബന്ധിച്ച് ഞാനൊരു ഗണപതി ഭക്തനാണ്. ഗണപതി സിദ്ധിയുടെയും ബുദ്ധിയുടേയും നാഥനാണ്. അതുപോലെ തന്നെ തടസങ്ങളിൽ നിന്ന് മുന്നോട്ട് നയിക്കാനായി എനിക്ക് കരുത്ത് നൽകുന്ന ഒരു ശക്തിയായിട്ടാണ് ഞാൻ വിഘ്നേശ്വരനെ കാണുന്നത്. അതിന്റെ അർത്ഥം മറ്റുള്ളവരെ വിശ്വാസങ്ങൾ മോശമാണ് എന്നല്ല. അതിനെ തള്ളിപ്പറയാൻ ഒരിക്കലും ഞാൻ ശ്രമിച്ചിട്ടില്ല. ഞാൻ ബീമാപള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും പോകുന്ന ആളാണ്. നമ്മൾ ആരേയും തള്ളി പറയാൻ പാടില്ല. അപ്പോൾ ഇന്ന് കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ കൂടുതൽ അപകടത്തിലേക്ക് പോകാതെ നോക്കണം.

നമ്മുടെ സ്പീക്കറുടെ കൈയിൽ രണ്ട് ഫ്യൂസുണ്ട്. പഴയ വന്ദനം സിനിമയിൽ ലാലേട്ടൻ പറയുന്ന കണക്ക് താങ്കൾ വിചാരിച്ചാൽ കേരളത്തിൽ വലിയ വിഷയങ്ങളില്ലാതാകും. ബഹുമാനപ്പെട്ട സ്പീക്കറുടെ ഖേദപ്രകടനം കൊണ്ട് വിശ്വാസികൾക്ക് അങ്ങയുടെ പ്രസ്താവന കൊണ്ടുണ്ടാക്കിയ മാനസിക വേദന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അങ്ങ് മനസിലാക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് ഈ ആറ്റം ബോംബ് അങ്ങ് ഡിഫ്യൂസ് ചെയ്യണം. ആ ഫ്യൂസ് അങ്ങയുടെ കൈയിലാണ്. അതിനി ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ വേണ്ടി പലരും ശ്രമിക്കും. അതിന് വേണ്ടി നമ്മുടെ നാടിനെ വിട്ട് കൊടുക്കരുത്.

മുൻപ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭം പോലെ വിശ്വാസത്തെ തെരുവിലിട്ട് വലിച്ചിഴക്കുന്നതിന് ദയവ് ചെയ്ത് രാഷ്ട്രീയ നേതാക്കൻമാർ കൂട്ട് നിൽക്കരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഏതെങ്കിലും രീതിയിൽ വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന ഒരു പ്രസ്താവന നിങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് തിരുത്തപ്പെടേണ്ടതാണ്. ഇനിയും ഇത്തരം പ്രസ്താവനകൾ നമ്മുടെ രാഷ്ട്രീയ നേതാക്കൻമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. നമ്മുടെ രാജ്യത്ത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് അവരുടെ ആശയമുണ്ട്.

എതിർക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് അവരുടെ രാഷ്ട്രീയമുണ്ട്. ആശയങ്ങൾ എന്താണെന്ന് നിങ്ങൾ തിരിച്ചറിയുക. ഒരു ഖേദപ്രകടനം നടത്തി എന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല. ഇത് നടത്താതിരുന്നത് കൊണ്ട് ഒരുപാട് നഷ്ടപ്പെടാനുണ്ട് എന്നും മനസിലാക്കുക. അങ്ങയുടെ വിശ്വാസം പോലെ തന്നെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെ വിശ്വാസം. ഇതിന്റെ പേരിൽ ആരൊക്കെ എന്നെ വന്ന് തെറി വിളിച്ചാലും എനിക്കൊരു കോപ്പും സംഭവിക്കാനില്ല. ഞാനിന്നലെ വരെ ജീവിച്ചത് പോലെ നാളേയും ജീവിക്കും. ഈ വിഷയത്തിൽ അഭിപ്രായം പറയണം എന്ന് തോന്നിയത് കൊണ്ട് അഭിപ്രായം പറയുകയാണ്’

Related Articles

Latest Articles