Saturday, May 25, 2024
spot_img

മൂന്ന് വയസ്സുകാരന് മർദ്ദനമേറ്റ സംഭവം; മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്‌

കൊച്ചി: ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്സെടുത്തു . ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഇന്നലെ വൈകുന്നരമാണ് കുട്ടിയെ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഏലൂർ പോലീസ് സ്റ്റേഷനിൽ സിഐയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.

അതേസമയം ശസ്ത്രക്രിയ പൂർത്തിയായ മൂന്നു വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു . തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്.

Related Articles

Latest Articles