ദില്ലി: ദില്ലിയിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാല ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. ഇന്ന് 3.30ന് നടന്ന ചടങ്ങില്‍ അഗ്നിയുടെ ലയനം നടന്നു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാക്യഷ്ണ, അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു.

അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാലയുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അമര്‍ ജവാന്‍ ജ്യോതി കെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. അമര്‍ ജവാന്‍ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണല്‍ വാര്‍ മെമ്മോറിയലിലെ ദീപത്തില്‍ വിലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയ വിശദീകരണം.

ഇന്ത്യന്‍ സായുധ സേനയിലെ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചത്. 1971-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.