വിഴിഞ്ഞം: അമ്പൂരി കൊലപാതക കേസിലെ പ്രതികളായ അഖിലിനെയും രാഹുലിനെയും ആദർശിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഈ രീതിയിൽ ചോദ്യം ചെയ്താലേ രാഖിമോളുടെ കൊലപാതകത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
കേസിൽ കൂടുതൽ പേരെ പ്രതിചേർക്കണമോ എന്നതും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ നിരവധി പേരെയും ചോദ്യം ചെയ്യും. കൊലപാതകത്തിന് തെളിവായി മൃതദേഹം കണ്ടെത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച കയർ, രാഖിമോളുടെ വസ്ത്രങ്ങൾ, ചെരിപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശേഖരിക്കേണ്ടതുണ്ട്.
പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ കോടതിയിൽ നൽകിയതായി പോലീസ് അറിയിച്ചു.

