Friday, May 24, 2024
spot_img

“അമ്മ” എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു; ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കി അംഗങ്ങൾ

കൊച്ചി: ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.

Related Articles

Latest Articles