Friday, April 19, 2024
spot_img

അമ്മയെ നയിക്കാൻ മോഹൻലാൽ തന്നെ: ഇടവേള ബാബു ജനറല്‍ സെക്രട്ടറി; ജയസൂര്യ ജോയിന്റ് സെക്രട്ടറി

മലയാള ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യെ വീണ്ടും മോഹൻലാലും ഇടവേള ബാബുവും നയിക്കും. തിരഞ്ഞെടുപ്പ് 19-ന്‌ നടക്കുന്നതിന് മുന്നോടിയായി നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മോഹൻലാൽ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

നടന്മാരായ ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിദ്ദീഖ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഷമ്മി തിലകൻ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാൽ പത്രിക തള്ളി. ഉണ്ണി ശിവപാൽ പത്രിക നൽകിയിരുന്നെങ്കിലും പൂർണമല്ലാത്തതിനാൽ അതും തള്ളി.

തുടർച്ചയായി രണ്ടാം തവണയാണു മോഹൻലാൽ–ഇടവേള ബാബു ടീം അമ്മയെ നയിക്കാൻ നിയുക്തരാവുന്നത്. ഇടവേള ബാബുവാകട്ടെ, 21 വർഷമായി നേതൃത്വത്തിലുണ്ട്. ആദ്യം ജോയിന്റ് സെക്രട്ടറി പിന്നീടു ജനറൽ സെക്രട്ടറിയായും. രണ്ട്‌ വൈസ് പ്രസിഡന്റുമാർക്കായും 11 എക്സിക്യൂട്ടീവ് അംഗ കമ്മിറ്റിക്കായുമാകും ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആശ ശരത്തും ശ്വേത മേനോനും ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവരും ഈ സ്ഥാനത്തേക്ക്‌ പത്രിക നൽകിയിട്ടുണ്ടെങ്കിലും പിൻമാറുമെന്നാണ് സൂചന. ഹണിറോസ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, ബാബുരാജ് ,നിവിൻപോളി സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്. ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. പിൻവലിക്കാനുള്ള അവസാന തീയതി 8. ഷമ്മി തിലകന്റെയും ഉണ്ണി ശിവപാലിന്റെയും പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി.

Related Articles

Latest Articles