Thursday, April 25, 2024
spot_img

മരക്കാർ വ്യാജപ്രിന്റ് ടെലിഗ്രാമിൽ പ്രചരിച്ചു: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ

കോട്ടയം: കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ടെലിഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ടയിൽ മൊബൈൽ കട നടത്തുകയാണ് നഫീസ്.

ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു. ഇതേതുടർന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്.

മറ്റു ടെലിഗ്രാം ഗ്രൂപ്പുകളിൽനിന്ന് കോപ്പി ചെയ്തെടുത്തതാണ് താൻ പ്രചരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് സൈബർ സെൽ പറയുന്നത്.

അതേസമയം മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലി​ഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

Related Articles

Latest Articles