Monday, April 29, 2024
spot_img

ആനന്ദ് അംബാനിയുടെ വിവാഹം; വിഐപികളെത്തുന്നത് ജാംനഗർ വിമാനത്താവളത്തിൽ; ഡിഫൻസ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി


ദില്ലി: ഇന്ത്യൻ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം പ്രമാണിച്ച് പത്ത് ദിവസത്തേക്ക് ഗുജറാത്തിലെ ജാംനഗറിലെ ഡിഫൻസ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്രസർക്കാർ. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് സു​ഗമമായി എത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് മോദി സർക്കാർ അന്താരാഷ്ട്ര ടാഗ് നൽകിയത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് കേവലം 50 കിലോമീറ്ററോളം മാത്രം അകലെയാണ് ജാം​ന​ഗർ വിമാനത്താവളം. വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും ഇന്ത്യൻ എയർഫോഴ്സ് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികയെയാണ് ആനന്ദ് വിവാഹം കഴിക്കുന്നത്. ജാംനഗറിലെ അംബാനി എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍. ബില്‍ ഗേറ്റ്സ്, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബഗ് ഉള്‍പ്പെടെയുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തി. 2024 ജൂലായ് 12 നാണ് ആനന്ദ്–രാധിക വിവാഹം.

അതേസമയം, അനന്ത് അംബാനി – രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുത്ത് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഭാര്യയായ പ്രിസില ചാനിനൊപ്പമാണ് സക്കർബർഗ് വെള്ളിയാഴ്ച നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്.

അലക്സാണ്ടർ മക്വീനിന്റെ ബ്ലാക്ക് – ഓൺ – ബ്ലാക്ക് ഫയർഫ്ലൈ ബ്ലേസറും ഷൂസുമായിരുന്നു സക്കർബർഗ് ധരിച്ചിരുന്നത്. സ്വർണ നിറത്തിലുള്ള പൂക്കളുള്ള കറുത്ത ഗൗണും ബ്രേസ്സ്ലെറ്റും, സ്വർണ നെക്ളേസും, സ്റ്റഡ്ഡ് കമ്മലുകളുമായിരുന്നു പ്രിസില ധരിച്ചിരുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ദമ്പതികൾക്ക് എല്ലാവിധ ആശംസകളും അറിയിച്ച സക്കർബർഗ്‌ ഇന്ത്യൻ വിവാഹ രീതി തനിക്കേറെ ഇഷ്ടമായെന്നും പോസ്റ്റിൽ കുറിച്ചു.

https://www.instagram.com/p/C3-Yj5Ar2AQ/?utm_source=ig_web_button_share_sheet

ഇവരെ കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജാംനഗറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഭാര്യ അനുരാധ മഹീന്ദ്ര, മുകേഷ് അംബാനിയുടെ മരുമകന്‍ ആനന്ദ് പിരമല്‍, ഡിഎല്‍എഫ് ചെയര്‍മാന്‍ കെപി സിംഗ്, ബ്ലാക്ക് റോക് ചെയര്‍മാന്‍ ലാറി ഫിന്‍ക്, സെറോദ സഹസ്ഥാപകന്‍ നിഖില്‍ കമ്മത്ത്, മേഹ്ത ഗ്രൂപ്പ് ഉടമ ജയ് മേഹ്ത, ബിപിയുടെ മുന്‍ സിഇഒ ബോബ് ഡുഡ്ലി, ബിപിയുടെ നിലവിലെ സിഇഒ മുറെ ഓച്ചിന്‍ക്ലോസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎംഎസ് പ്രസാദ്, നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല ഭാര്യ സറീന മേഹ്ത്ത, ബെന്നറ്റ് കോള്‍മാന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയ്ന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല ഭാര്യ നടാഷ പൂനെവാല, മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ഡിയോറ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ ജാംനഗറിലെത്തി.

Related Articles

Latest Articles