ദില്ലി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും.വിദേശകാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വ്യാപാര രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എംഎഫ്എന്‍ പദവി റദ്ദാക്കി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രി സമിതിയിലാണ് തീരുമാനം.

ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനാ മേധാവികളും ഐ.ബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തും.