Friday, May 24, 2024
spot_img

ഗ്യാൻവാപിയിൽ ഹിന്ദു വിഭാഗത്തിന് വിജയം ! ആർക്കിയോളജിക്കൽ സർവേ തടയാൻ ശ്രമിച്ച മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്‌ത്‌ ഉത്തർപ്രദേശ് സർക്കാർ

അലഹബാദ്: ഗ്യാൻവാപി തർക്കത്തിൽ ആർക്കിയോളജിക്കൽ സർവേയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതി അൽപ്പ സമയം മുമ്പ് വിധി പറഞ്ഞത്. നീതി ഉറപ്പുവരുത്തുന്നതിന് പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. കോടതി വിധി സ്വാഗതം ചെയ്യുന്നതായി ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെ പി മൗര്യയും അറിയിച്ചു. അതേസമയം വിധി നിരാശാജനകമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലിം വിഭാഗവും അറിയിച്ചു. തർക്ക മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്ന് നേരത്തെ വാരാണസി കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് അലഹബാദ് ഹൈക്കോടതി വിഷയത്തിൽ വാദം കേട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 30 അംഗ സംഘം കഴിഞ്ഞ 24 നു തന്നെ തർക്കമന്ദിരത്തിൽ പരിശോധന തുടങ്ങിയിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നിരിക്കുന്ന തർക്കമന്ദിരമാണ് ഗ്യാൻ വാപി. നിലവിൽ അത് മോസ്‌ക് ആണെങ്കിലും പുരാതന ഹിന്ദു ക്ഷേത്രമായ ശ്രിംഗാർ ഗൗരി ക്ഷേത്രം തകർത്താണ് മുഗൾ ഭരണകാലത്ത് മോസ്‌ക് നിർമ്മിച്ചത് എന്നാണ് ഹിന്ദു വിഭാഗം ആരോപിക്കുന്നത്. തർക്കമന്ദിരത്തിനുള്ളിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും അവിടെ ആരാധന സ്വാതന്ത്ര്യം വേണമെന്നുമാണ് അവരുടെ ആവശ്യം. തർക്കത്തെ തുടർന്ന് കോടതി ഉത്തരവിൻ പ്രകാരം നടത്തിയ വീഡിയോ സർവേയിൽ മന്ദിരത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയിരുന്നു. അതിനെ തുടർന്നാണ് വാരാണസി ജില്ലാക്കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ടത്.

Related Articles

Latest Articles