Friday, March 29, 2024
spot_img

ഗതികെട്ട നാട്ടിലേക്ക് ഞങ്ങളില്ല! കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ താരങ്ങളെ കാണാനില്ല; പോലീസിൽ പരാതിയുമായി ടീം അംഗങ്ങൾ, നടപടി എടുക്കാനാകാതെ അധികൃതർ

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയ ചില ശ്രീലങ്കൻ താരങ്ങളെ കാണാനില്ല. ഗെയിമിനായി താരങ്ങളും ഒഫീഷ്യൽസുമടക്കം 160 പേരാണ് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയത്.

ജൂഡോ താരം ചമില ദിലാനി, മാനേജർ അസേല ഡിസിൽവ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കാണാതായതോടെയാണ് ശ്രീലങ്കൻ ടീം പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ഏഴ് താരങ്ങൾ കൂടി ഒളിവിലാണെന്ന് കണ്ടെത്തി. ഇവർ ഒളിച്ചു താമസിക്കുകയാണെന്നാണ് വിവരം.

ഇംഗ്ലണ്ടിൽ ഒളിച്ച് താമസിക്കുന്ന താരങ്ങൾ മറ്റ് തൊഴിലുകൾ കണ്ടെത്തി രാജ്യത്ത് തുടരാനാണ് ശ്രമം. ടീം അംഗങ്ങൾ തിരികെയെത്തുമെന്ന് ഉറപ്പിക്കാൻ താരങ്ങളുടെ പാസ്പോർട്ട് വാങ്ങി അധികൃതർ സൂക്ഷിച്ചിരുന്നു. ഇത് മറികടന്നാണ് ഇവർ ക്യാംപ് വിട്ടത്. വീസയ്‌ക്ക് ആറ് മാസത്തെ കാലാവധിയുള്ളതിനാൽ ഇവർക്കെതിരെ നടപടി എടുക്കാനും കഴിയില്ല.

ശ്രീലങ്കൻ താരങ്ങളെ കാണാതാകുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം ഓസ്ലോയിൽ ഗുസ്തി ചാംപ്യൻഷിപ്പിനെത്തിയ പരിശീലകനെ കാണാതായിരുന്നു. 2014ലെ ഏഷ്യൻ ഗെയിംസിന് ദക്ഷിണകൊറിയയിലെത്തിയ രണ്ട് അത്ലറ്റുകളെയും കാണാതായി. 2004ൽ ജർമനിയിൽ ഹാൻഡ് ബോൾ ടൂർണമെന്റിനെത്തിയ 23 അംഗ ലങ്കൻ ടീമും പിന്നീടു തിരിച്ചുപോയില്ല. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാലാണ് നിരവധിയാളുകൾ ദിനംപ്രതി രാജ്യം വിട്ട് പലായനം ചെയ്യുന്നത്.

Related Articles

Latest Articles