Tuesday, April 30, 2024
spot_img

പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം; പത്താം നാൾ തിരുവോണം; ഓണവിളംബരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്‌

പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. പത്തുനാള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

ഓണത്തിന് മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ അല്ല ഈ പൂക്കളമിടല്‍. ചില പ്രദേശങ്ങളില്‍ അത്തം നാളില്‍ ഒരു നിര പൂക്കളമാണെങ്കില്‍ ഓരോ ദിവസം കഴിയുന്തോറും വളയങ്ങളുടെ എണ്ണം കൂടി വരും. തിരുവോണ നാളില്‍ പത്ത് വളയങ്ങളുടെ പൂക്കളമാണ് ഒരുക്കുക. പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയില്‍ തന്നെ വേണം എന്നാണ് വിശ്വാസം.

ഓണവിളംബരമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാര്‍ ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിക്കഴിഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവിപണി സജീവമാണ്.അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി ധാരാളമായി വിപണിയിൽ എത്തിയതിനാൽ നേരിയ വിലക്കുറവുണ്ട്.

Related Articles

Latest Articles