Friday, May 10, 2024
spot_img

സാൻഫ്രാൻസിസ്കോയിലെ ഭാരതത്തിന്റെ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണം; പ്രതികളുടെ ചിത്രങ്ങൾ പുറത്തു വിട്ട് എൻഐഎ

ദില്ലി : അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥിതി ചെയ്യുന്ന ഭാരതത്തിന്റെ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പത്ത് പ്രതികളുടെ ചിത്രങ്ങൾ എൻഐഎ പുറത്തു വിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് ഏജൻസി അഭ്യർഥിച്ചു.

ഇക്കഴിഞ്ഞ മാർച്ച് 18ന് രാത്രിയാണ് ഖാലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് വളപ്പിൽ അതിക്രമിച്ച് കയറി മന്ദിരത്തിന് തീയിടാൻ ​ശ്രമിച്ചത്. ഇതോടൊപ്പം ഖാലിസ്ഥാൻ പതാകകകൾ ഉയർത്തുകയും കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അക്രമിക്കുകയുംചെയ്തു. ഈ സംഭവത്തിന് ശേഷം ജുലൈ ഒന്നിന് രാത്രിയും ചിലർ കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കടന്ന് തീയിടാൻ ശ്രമിച്ചു. ഈ സമയത്ത് കോൺസുലേറ്റിൽ ഉദ്യോഗസ്ഥരുണ്ടായിരുന്നു. യു.എ.പി.എ ഉൾപ്പെടെയുള്ള വിവിധവകുപ്പുകൾപ്രകാരം ജൂൺ 16നാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം എൻഐഎ ഉദ്യോഗസ്ഥർ ആഗസ്റ്റിൽ സാൻഫ്രാൻസിസ്കോ സന്ദർശിച്ചിരുന്നു.

അതേസമയം ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ കേന്ദ്രസർക്കാർ കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ താത്കാലികമായി നൽകുന്നത് നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം.

Related Articles

Latest Articles