Sunday, April 28, 2024
spot_img

നവകേരള രചനയിൽ സ്വർഗീയ മാധവ് ജിക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവ്; ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പടുത്തുയർത്തിയ നവോത്ഥാന പ്രസ്ഥാനം തന്ത്രവിദ്യാ പീഠം കുലപതി; തന്ത്രരത്നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ജാതിരഹിത ഹിന്ദുസമാജ സൃഷ്ടിയെന്ന പുരോഗമന ചിന്താധാരക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച സ്വർഗീയ മാധവ്ജിക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 1980കളിൽ ആലുവ അദ്വൈതാശ്രമത്തിൽ വെച്ച് യാതൊരു വിധ ജാതി പരിഗണയും കൂടാതെ താല്പര്യമുള്ള എല്ലാ പുരോഹിതന്മാരെയും തന്ത്ര സമുച്ചയ പ്രകാരമുള്ള ബ്രാഹ്മണപൂജ പഠിപ്പിക്കുന്നതിനുള്ള ആദ്യ ശിബിരത്തെ നയിച്ചതും അതിൽ പങ്കെടുത്ത വിവിധ ജാതികളിൽ പെട്ട പുരോഹിതർക്ക് മന്ത്രം നൽകിയതും തന്ത്രരത്‌നം അഴകത്തു ശാസ്ത്ര ശർമൻ നമ്പൂതിരിപ്പാട് ആയിരുന്നു. സ്വർഗീയ മാധവജിയുടെ നേതൃത്വത്തിൽ “ജന്മം കൊണ്ടല്ല, കർമം കൊണ്ടാണ് ബ്രഹ്മണ്യം” എന്ന് നിശ്ചയിച്ച പാലിയം വിളംബരത്തെ പ്രാവർത്തികമാക്കുന്നതിനുള്ള ആദ്യ കാൽവെപ്പ് ആയിരുന്നു ആ ശിബിരം. മാധവജിയുടെ പ്രഥമ ശിഷ്യനും ക്ഷേത്ര തന്ത്രത്തിൽ അദ്യേഹത്തിന്റെ പടവാളുമായിരുന്നു തന്ത്രരത്‌നം അഴകത്തു ശാസ്ത്രശർമൻ നമ്പൂതിരിപ്പാട്‌. മാധവ് ജിയുടെ ജന്മവാർഷിക ദിനത്തിൽ തന്നെ അഴകത്തും വിടപറയുകയാണ്.

പ്രശസ്തമായ തന്ത്രി കുടുംബത്തിൽ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളിൽ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമെന്യേ പകർന്നു നൽകാൻ ഒരു പിശുക്കും കാട്ടിയില്ല. താന്ത്രികവൃത്തിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി. യഥാസ്ഥി​തി​കരുടെ ശക്തമായ എതി​ർപ്പും ബഹി​ഷ്കരണങ്ങളും അവഗണി​ച്ച് തന്റെ ദൗത്യത്തിൽ ഉറച്ചു നി​ന്നു അദ്ദേഹം. അഴകത്തിന്റെ ആത്മാർത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരിൽ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങൾ പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. തന്ത്രവിധികൾ അബ്രാഹ്മണരെ പഠിപ്പിക്കാൻ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യേക ശിബിരങ്ങളിൽ ആചാര്യനാകാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തി​ന്.

ബ്രാഹ്മണ്യം കർമ്മസി​ദ്ധമെന്ന പ്രഖ്യാപനം നടത്തി​യ പാലി​യം വി​ളംബരത്തി​ന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. സ്വന്തം ദീക്ഷാഗുരുവായ പി.മാധവൻ തന്നെയായിരുന്നു വഴികാട്ടി. പാലിയം വിളംബരത്തെ തുടർന്ന് അബ്രാഹ്മണരെ പൂജാവി​ധി​കൾ പഠി​പ്പി​ക്കാനായി​ ആലുവ അദ്വൈതാശ്രമത്തി​ൽ കാഞ്ചി​ ശങ്കരാചാര്യരുടെയും മാധവ്ജിയുടെ നേതൃത്വത്തി​ൽ സംഘടി​പ്പി​ച്ച പഠനശി​ബി​രത്തി​ലും തുടർന്ന് വർക്കല ശി​വഗി​രി​ മഠത്തി​ലും കോഴി​ക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തി​ലും നടന്ന ശി​ബി​രങ്ങളി​ലും ആചാര്യസ്ഥാനം വഹിച്ചു. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ജാതി പരിഗണനകളില്ലാതെ നിരവധി പുരോഹിതന്മാർ പൂജ നടത്തുന്നു. ഈ മാറ്റത്തിന്റെ കാരണഭൂതരിൽ ഒരാളാണ് അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട്. അനിരുദ്ധൻ തന്ത്രികളുടെ ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാ പീഠത്തിനു തിരി തെളിച്ചതും പ്രഥമ വിദ്യാർത്ഥികൾക്ക് മന്ത്രോപദേശം നൽകിയതും തന്ത്രരത്‌നം അഴകത്തു ശാസ്ത്ര ശർമൻ നമ്പൂതിരിപ്പാട് ആയിരുന്നു. ഭേദചിന്തകളൊന്നുമില്ലാതെ ക്ഷേത്ര നവീകരണ യജ്ഞങ്ങൾക്കൊപ്പമായി​രുന്നു നിസ്വാർത്ഥമായ ജീവി​തം.

1988ൽ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകൽപ്പന ചെയ്തതും കൊടുങ്ങല്ലൂരിൽ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകൾ നിർവഹിച്ചതും അഴകത്തായി​രുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിർ, മുംബൈയിൽ താനേ വർക്കത്ത്നഗർ അയ്യപ്പ ക്ഷേത്രം, നേരുൾ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വർ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിർ, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്ളൂരിലെ അൾസൂർ അയ്യപ്പ ക്ഷേത്രം, അങ്ങിനെ നിരവധി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നിർവഹിച്ചു. 1972ൽ ആലുവ തന്ത്രവിദ്യാ പീഠത്തിലെ ആദ്യവിദ്യാർത്ഥികളിൽ ഒരാളായി. അവിടെത്തന്നെ അദ്ധ്യാപകനും പിന്നീട് കുലപതിയും. പീഠത്തിന്റെ അദ്ധ്യക്ഷനായിരിക്കെയാണ് ദേഹവിയോഗം. നളിനിയാണ് ഭാര്യ. മകൾ: രമാദേവി. മരുമകൻ: മിഥുൻ പടിഞ്ഞാറേപ്പാട്. സംസ്‌കാരം ഇന്ന് വൈകിട്ട് 05:30ന് നടക്കും

Related Articles

Latest Articles