കോട്ടയം: വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യവസായി ബിനു കെ സി (50) കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനൊടുക്കിയത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടയംപടി ജംഗ്‌ഷനിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു.
രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ബിനുവിന് തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു. ബാങ്കിനെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

