ഷോളയൂർ: ഹോസ്റ്റൽ അധികൃതർ അന്തേവാസികളായ വനവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം പൊതുമദ്ധ്യത്തിൽ അഴിപ്പിച്ചതായി പരാതി. എട്ട് വനവാസി വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാർഡനും ആയയും അടക്കം നാല് ഹോസ്റ്റൽ ജീവനക്കാർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വനവാസി പെൺകുട്ടികൾ താമസിക്കുന്ന ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലായിരുന്നു കേരളത്തെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്. ഹോസ്റ്റലിൽ ത്വക്ക് രോഗം പടരുന്നത് തടയാൻ വസ്ത്രങ്ങൾ പരസ്പരം മാറി ധരിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നതായും അത് ലംഘിച്ച വിദ്യാർത്ഥിനികൾക്കെതിരെയാണ് നടപടിയുണ്ടായതെന്നുമാണ് ഹോസ്റ്റൽ അധികൃതർ വിശദീകരിക്കുന്നത്. എട്ട് വിദ്യാർത്ഥിനികളുടെ വസ്ത്രങ്ങൾ മറ്റു വിദ്യാർത്ഥിനികളുടെ മുന്നിൽ വച്ച് അഴിച്ചു വാങ്ങുകയായിരുന്നു എന്നാണ് പരാതി.
വനവാസി മേഖലയിലെ ഹോസ്റ്റലുകളിൽ മനുഷ്യത്വ രഹിതമായി അരങ്ങേറുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും പല ഹോസ്റ്റലുകളിലും കുട്ടികളെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും വനവാസി നേതാവ് സി കെ ജാനു പറഞ്ഞു. പല ഹോസ്റ്റലുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും കുട്ടികൾക്ക് നിഷേധിക്കുന്നു. സർക്കാർ ഇതിനെതിരെ അടിയന്തിര നടപടികളെടുക്കണം. വനവാസി പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ സർക്കാർ റെയ്‌ഡ് നടത്തണമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്നും നാല് ജീവനക്കാർക്കെതിരെ സ്വീകരിച്ച നിയമനടപടിയിൽ പ്രശ്‌നം അവസാനിക്കില്ലെന്നും സി കെ ജാനു കൂട്ടിച്ചേർത്തു. നേരത്തെ ഉത്തർപ്രദേശിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച അദ്ധ്യാപികയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നിന്നുയർന്നത്. മർദ്ദനത്തിനിരയായ കുട്ടിയെ കേരളം ദത്തെടുക്കാമെന്ന വാഗ്ദാനം പോലും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നൽകിയിരുന്നു. അപ്പോഴും കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾ സർക്കാർ ഹോസ്റ്റലിൽ പീഡനം നേരിടേണ്ടി വന്ന സംഭവത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്

