തൃശൂർ: തൃശൂരിലെ ബംഗാളി യുവാവിനെ (Murder In Thrissur) കൊന്നത് ഭാര്യാകാമുകൻ എന്ന് കണ്ടെത്തൽ. ബംഗാൾ സ്വദേശി മൻസൂർ മാലിക് (40) കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് അന്വേഷണം ഊർജിതമാക്കി രേഷ്ടമയെ ചോദ്യം ചെയ്തതോടെ രേഷ്മ, ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. ഭർത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടർന്ന് കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്ക് അടിച്ചു കൊന്നുവെന്നായിരുന്നു പറഞ്ഞത്. അപ്പോഴും രേഷ്മ ബീവിയാണ് കൊലപാതകം നടത്തിയതെന്നതിൽ പോലീസിന് ഉറപ്പിക്കാൻ കഴിഞ്ഞില്ല.
എന്നാൽ പിന്നീട് തുടച്ചയായി നടന്ന ചോദ്യംചെയ്യലിൽ നിന്നാണ് കാമുകന്റെ പങ്ക് പുറത്തുവന്നത്. മൻസൂർ മാലിക്കിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാമുകനായ ബീരുവായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. .

