Thursday, May 9, 2024
spot_img

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം ! പ്രതി മുസാവിർ ഹുസൈൻ ഷാസിബിനെ തിരിച്ചറിഞ്ഞ് എൻഐഎ ! പ്രതിക്ക് ശിവമോഗയിലെ ഐ എസ് മൊഡ്യൂളുമായും ബന്ധം ! തുമ്പായത് ധരിച്ച തൊപ്പിയും അതിൽ നിന്ന് കണ്ടെടുത്ത മുടിനാരിഴകളും

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞു. 1000-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കർണാടകയിലെ തീർത്ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശിയായ മുസാവിർ ഹുസൈൻ ഷാസിബ് ആണ് പ്രതിയെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തി.

വിവിധ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ധരിച്ചിരിക്കുന്ന തൊപ്പി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഈ തൊപ്പി ചെന്നൈ മാളിൽ നിന്ന് വാങ്ങിയതാണ്, അതിനാൽ തന്നെ പ്രതി ജനുവരി മുതൽ ഒരു മാസത്തിലേറെ ചെന്നൈയിൽ താമസിച്ചുവെന്നാണ് കരുതുന്നത്.

ഷാസിബിൻ്റെ കൂട്ടാളികളിൽ ഒരാൾ തീർത്ഥഹള്ളി സ്വദേശിയായ അബ്ദുൾ മതീൻ താഹയാണെന്ന് തീവ്രവാദ വിരുദ്ധ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് പോലീസ് ഇൻസ്‌പെക്ടർ കെ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് താഹ, പ്രധാന പ്രതിയ്‌ക്കൊപ്പം ഇയാളും ചെന്നൈയിൽ താമസിച്ചിരുന്നു. ശിവമോഗയിലെ ഐ എസ് മൊഡ്യൂളിൻ്റെ ഭാഗമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ അറസ്റ്റിലായ മൊഡ്യൂളിലെ അംഗങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെന്നൈയിലെ ട്രിപ്ലിക്കെയ്‌നിൽ താമസിച്ചപ്പോൾ വാങ്ങിയ തൊപ്പിയാണ് താഹ എപ്പോഴും ധരിച്ചിരുന്നത്.
രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന ദിവസവും ഷാസിബ് ഇതേ തൊപ്പി ധരിച്ചിരുന്നു. ഈ തൊപ്പികൾ ഒരു ലിമിറ്റഡ് എഡിഷൻ സീരീസാണെന്നും ഇവ 400 എണ്ണം മാത്രമാണ് വിറ്റഴിക്കപ്പെട്ടതെന്നും തീവ്രവാദ വിരുദ്ധ ഏജൻസി കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളിൽ, ചെന്നൈ മാളിൽ നിന്ന് താഹ തൊപ്പി വാങ്ങിയതായി എൻഐഎ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌ഫോടനത്തിന് പിന്നാലെ കഫേയിൽ നിന്ന് അൽപം അകലെ ഷാസിബ് തൊപ്പി ഉപേക്ഷിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച തൊപ്പിയിൽ മുടി കണ്ടെത്തിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. പ്രധാന പ്രതിയായ ഷാസിബിൻ്റെ മാതാപിതാക്കളുടെ ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി റിപ്പോർട്ട് സ്ഥിരീകരിച്ചു.

പിന്നീട് ഷാസിബിൻ്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട മാതാപിതാക്കൾ ദൃശ്യങ്ങളിൽ കാണുന്നത് തങ്ങളുടെ മകനാണെന്ന് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് പ്രതിയെ അവസാനമായി കണ്ടതെന്നും ഏജൻസി അറിയിച്ചു.

മാർച്ച് ഒന്നിന് ബംഗളുരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ടൈമർ ഉപയോഗിച്ച് ഐഇഡി ബോംബ് പ്രയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഐഇഡി സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെത്തുകയായിരുന്നു

Related Articles

Latest Articles