Friday, October 16, 2026

നായ കുറകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രിക മരിച്ചു

കുഴൽമന്ദം : പാലക്കാട് കുഴൽമന്ദത്ത് നായ കുറകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രിക മരിച്ചു. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴനിയുടെ ഭാര്യ ഉഷ (46) ആണ് മരിച്ചത്. നെച്ചുള്ളി പാലത്തിന് സമീപത്ത് ഇന്നലെ വൈകുന്നേരം അഞ്ചര മണിക്കായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് മരിച്ചത്.

കെട്ടിട നിർമ്മാണ ജോലിക്ക് ശേഷം അയൽവാസിയുടെ ബൈക്കിൽ വരികയായിരുന്നു ഉഷ. ബൈക്ക് നെച്ചുള്ളി പാലത്തിന് സമീപത്ത് എത്തിയപ്പോൾ നായ കുറുകെ ചാടുകയും ഇതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഉഷയെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്ഥിതി മോശമായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി പൾസ് കുറവായതിനെ തുടർന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുനൽകും. മകൾ: നിഷ.

Related Articles

Latest Articles