Sunday, May 5, 2024
spot_img

ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; അദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നല്ല അതിനർത്ഥം; രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് താത്കാലിക സ്റ്റേ അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

ദില്ലി : രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് താത്കാലിക സ്റ്റേ അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നല്ല അതിനർത്ഥമെന്നും പറഞ്ഞ അദ്ദേഹം ഇന്ന് പ്രതിപക്ഷത്തുള്ള പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതികളെ പുകഴ്ത്തുകയാണെന്നും പ്രതികരിച്ചു.

‘‘രാഹുൽ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അർഥം. പ്രതിപക്ഷ പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപക്ഷം കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാർട്ടി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മൾ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്കു പ്രസക്തിയില്ല.’’– അനിൽ ആന്റണി പറഞ്ഞു.

പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെപറ്റിയും അനിൽ ആന്റണി സംസാരിച്ചു. ‘‘ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു വാസ്തവവും ഇല്ല. ഞാൻ പാർട്ടിയിൽ പ്രവേശിച്ചപ്പോൾ തന്നെ വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമാണ്. ഭാരതീയ ജനതാപാർട്ടി പ്രവർത്തകനായി പ്രവർത്തിക്കാൻ വേണ്ടി മാത്രമാണ് പാർട്ടിയിൽ പ്രവേശിച്ചത്. ഏകദേശം ഒരാഴ്ച മുൻപ് മറ്റൊരു ചുമതല തന്നിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കുക എന്നതുമാത്രമാണ് ലക്ഷ്യം.’’– അനിൽ ആന്റണി പറഞ്ഞു.

Related Articles

Latest Articles