Monday, May 6, 2024
spot_img

ബലൂചിസ്ഥാനിൽ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്ക് നേരെ ബോംബാക്രമണം; 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ബലൂചിസ്ഥാനിൽ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്ക് നേരെ ബോംബാക്രമണം. ആക്രമണത്തിൽ 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടത്തായി റിപ്പോർട്ട്. 2022 നവംബറിൽ തെഹ്‌രീകെ താലിബാൻ പാകിസ്ഥാനും (ടിടിപി) പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം പാകിസ്ഥാൻ സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. പസ്നിയിൽ നിന്ന് ഗ്വാദർ ജില്ലയിലെ ഒർമാര മേഖലയിലേക്ക് സൈനികരെയും വഹിച്ച് കൊണ്ടുള്ള യാത്രക്കിടെ വാഹനങ്ങൾ അക്രമിക്കപ്പെടുകയായിരുന്നു എന്നാണ് പാകിസ്ഥാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചത്.

ബലൂചിസ്ഥാൻ കാവൽ മുഖ്യമന്ത്രി അലി മർദാൻ ഡോംകി ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രവിശ്യയിലെ സോബ് ജില്ലയിലെ സാംബാസ് മേഖലയിൽ ബുധനാഴ്ച സുരക്ഷാ സേന ആറ് പോരാളികളെ വെടിവെച്ചു കൊന്നിരുന്നു. ഇതിനു രണ്ട് ദിവസത്തിന് ശേഷമുണ്ടായ ആക്രമണം പ്രതികാര നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ദിവസം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ പോലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles