Saturday, May 4, 2024
spot_img

ആര്യന് ഇന്നും ജാമ്യം അനുവദിക്കാതെ കോടതി: ഹര്‍ജിയില്‍ വാദം നാളെയും തുടരും

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച മുംബൈ ഹൈകോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും. പ്രതികളുടെ വാദങ്ങള്‍ ഇന്ന് കോടതിയില്‍ വിശദമാക്കിയെങ്കിലും എ.എസ്.ജി അനില്‍ സിംഗിന്റെ പ്രതിവാദം നാളെയാണ് ഉണ്ടാകുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റീസ് നിതിന്‍ ഡബ്ല്യു സാമ്ബ്രെയുടെ ബെഞ്ചാണ്.

സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളിൽ താൻ വാദം പൂർത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷയിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു. തുടർന്ന് ഇന്ന് അര്‍ബാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയുടെയും അലി കാസിഫ് ഖാന്‍ ദേശ്മുഖിന്റെയും വാദങ്ങളാണ് കോടതിയില്‍ നടന്നത്.

തുടർന്ന് നടന്ന വാദത്തിൽ കസ്റ്റഡിയില്‍ പ്രതികള്‍ ആവശ്യത്തിലധികം സമയം കഴിഞ്ഞുവെന്നും എന്‍സിബിക്കാവശ്യമെങ്കില്‍ മുംബൈ നിവാസികളായ പ്രതികള്‍ ജാമ്യം ലഭിച്ചതിന് ശേഷം ഏതുസമയവും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാന്‍ തയ്യാറാണെന്നും അമിത് ദേശായി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ചെയ്യാത്ത കുറ്റത്തിനാണ് ആര്യനും അര്‍ബാസും അറസ്റ്റിലായതെന്നും മൂന്ന് പ്രതികളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അമിത് ദേശായി വാദിച്ചു. ഇന്ന് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങളും വിശദമായി കേട്ടു. തുടർന്ന് എന്‍സിബിയുടെ മറുവാദമാണ് നാളെ കോടതി കേള്‍ക്കാനിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക.

Related Articles

Latest Articles