Saturday, May 4, 2024
spot_img

കരസേനയ്ക്ക് ഇത് അഭിമാന നിമിഷം: ഗിന്നസ് റെക്കോർഡ് നേടി ലോകത്തിന്റെ നെറുകയിലെ ടാർ റോഡ്; അഭിനന്ദനമറിയിച്ച് നിതിൻ ഗഡ്കരി

ലഡാക്: സമുദ്ര നിരപ്പിൽനിന്ന് 19000ലേറെ അടി ഉയരത്തിൽ ടാർ റോഡ് നിർമിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി കരസേനയുടെ ഭാഗമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ.

ലഡാക്കിലെ ഉംലിങ് ലാ പാസിലൂടെ ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിലുള്ളതും വാഹന ഗതാഗതം സാധ്യമായതുമായ ടാർ റോഡിന്റെ നിർമാണം വിജയകരമായി പൂർത്തിയാക്കിയാണു ബിആർഒ, ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്.

ഇതുവരെ ബൊളീവിയയിലെ ഉതുരുൻസു അഗ്നിപർവതത്തിലേക്കുള്ള റോഡിനായിരുന്നു ഈ ബഹുമതി. ആ റോഡിന്റെ ഉയരം 18,953 അടി ആണ് (ഏകദേശം 5,777 മീറ്റർ).

ലേ പട്ടണത്തിൽനിന്നു നുബ്ര താഴ്‌വരയിലേക്കുള്ള ഖർദുംഗ്ല പാസിനെ അപേക്ഷിച്ചു കൂടുതൽ ഉയരത്തിലാണ് ഉംലിങ് ലാ പാസ്; സമുദ്രനിരപ്പിൽനിന്ന് 5,799 മീറ്റർ (19,025 അടി) ആണ് ഉയരത്തിലാണ് ഈ മലയോര പാത .

രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലെ ഏറ്റവും ദുർഘടമായ മേഖലകളിലെ നിർമാണങ്ങളിൽ ബിആർഒയ്ക്കുള്ള വൈദഗ്ധ്യമാണ് ഇത്രയേറെ ഉയരത്തിൽ യാത്രായോഗ്യമായ റോഡ് സാധ്യമാക്കിയത്.

അതേസമയം കടുത്ത ശൈത്യകാലത്ത് ഉംലിങ് ലാ പാസിലെ താപനില മൈനസ് 40 ഡിഗ്രിയോളം താഴാറുണ്ട്; സമുദ്രനിരപ്പുമായി താരതമ്യം ചെയ്താൽ ഈ മേഖലയിലെ ഓക്സിജൻ ലഭ്യത പകുതിയോളം മാത്രമാണ്. സാഹചര്യം തീർത്തും പ്രതികൂലമായതിനാൽ ഉംലിങ് ലാ പാസിൽ അധിക സമയം ചെലവഴിക്കുക തികച്ചും ക്ലേശകരമാണ്.

എന്നാൽ ഉംലിങ് ലാ പാസ് വഴി കിഴക്കൻ ലഡാക്കിലെ ചുമർ മേഖലയിലെ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന 52 കിലോമീറ്റർ റോഡിന്റെ നിർമാണം കഴിഞ്ഞ ഓഗസ്റ്റിലാണു ബിആർഒ പൂർത്തിയാക്കിയത്. ലഡാക്കിന്റെ കവാടമായ ലേ നഗരത്തിൽനിന്നു ചിസുംലെയിലേക്കും ധെംചുക്കിലേക്കുമുള്ള ബദൽ മാർഗമെന്ന നിലയിലും പ്രദേശവാസികൾക്ക് ഈ റോഡ് ഏറെ പ്രയോജനകരമാണ്.

ലഡാക്ക് മേഖലയിലെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കും വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കും ഈ പുതിയ പാത വഴിയൊരുക്കുമെന്നാണു പ്രതീകക്ഷിക്കുന്നത്

കൂടാതെ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ നേട്ടത്തെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയതും ഗതാഗതയോഗ്യവുമായ ടാർ റോഡ്, 19,024 അടി ഉയരത്തിലുള്ള ലഡാക്ക് ഉംലിങ് ലാ പാസിൽ യാഥാർഥ്യമാക്കിയ ബിആർഒയ്ക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ഗഡ്കരിയുടെ ട്വീറ്റ്.

Related Articles

Latest Articles