Saturday, May 25, 2024
spot_img

മൂന്നു സേനകളേയും ഒരുമിപ്പിച്ചുകൊണ്ട് പുതിയ കമാന്‍ഡുകള്‍ വരാന്‍ ഒരുങ്ങുന്നു

ദില്ലി : കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇതോടെ നടക്കാന്‍ പോകുന്നത്. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇതിനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചു തുടങ്ങി.

കമാന്‍ഡുകളുടെ എണ്ണത്തില്‍ അന്തിമമായിട്ടില്ല.എങ്കിലും പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ്, ജമ്മുകശ്മീരിനുള്ള പ്രത്യേക കമാന്‍ഡ് എന്നിവ പരിഗണനയിലുണ്ട്. നേപ്പാളിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കായി കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡും പരിഗണിക്കുന്നുണ്ട്. അതേസമയം, തിയേറ്റര്‍ കമാന്‍ഡുകളുടെ കൃത്യമായ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ല. മൂന്നുസേനകളുടെ സംയുക്ത കമാന്‍ഡുകള്‍ക്ക് സൈനികഭാഷയിലുള്ള പ്രയോഗമാണ് തിയേറ്റര്‍ കമാന്‍ഡ്.

പാകിസ്താന്‍, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കു പുറമേ, നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും ബഹിരാകാശ കമാന്‍ഡും മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡും പരിശീലന കമാന്‍ഡും സൃഷ്ടിക്കുമെന്നാണറിയുന്നത്. ഓരോ തിയേറ്റര്‍ കമാന്‍ഡിലും വ്യോമസേന അവിഭാജ്യഘടകമാവും. മേഖലയുടെ സ്വഭാവമനുസരിച്ച് അധിക വിമാനങ്ങളും വിന്യസിക്കും. കമാന്‍ഡുകളുടെ ചെലവുചുരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കമാന്‍ഡുകള്‍ രൂപവത്കരിക്കുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി സി ഡി എസുമായി മൂന്നു സേനാമേധാവികളും പ്രാഥമികചര്‍ച്ചകളും നടത്തി.

Related Articles

Latest Articles