Monday, May 6, 2024
spot_img

ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ച്‌ ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകുന്നത്. ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇപ്പോള്‍ ഇരുട്ടാണ്. എന്നാല്‍ പകല്‍ദിനം ആരംഭിച്ചാല്‍ വീണ്ടും ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന ഓര്‍ബിറ്റര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ ചന്ദ്രനിലെ ഒരു പകല്‍ ദിനം (ഭൂമിയിലെ 14 ദിവസം) സെപ്റ്റംബര്‍ 21-ന് അവസാനിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രതലത്തിന്റെ ചിത്രം നാസയുടെ പേടകം പകര്‍ത്തിയിരുന്നെങ്കിലും ലാന്‍ഡറിനെ കണ്ടെത്താനായിട്ടില്ല. ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിച്ച്‌ ഗവേഷണം നടത്താന്‍ നിശ്ചയിച്ച റോവര്‍ (പ്രഗ്യാന്‍) ലാന്‍ഡറിനുള്ളിലാണ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇരുട്ടായതിനാല്‍ താപനില മൈനസ് 180 ഡിഗ്രിയില്‍ കൂടുതലായിരിക്കും. ഈ സാഹചര്യത്തില്‍ പേടകത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നും അതിനാല്‍ ആശയവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇടിച്ചിറങ്ങുമ്ബോള്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകാനുള്ള കാരണം ഐ.എസ്.ആര്‍.ഒ. രൂപവത്കരിച്ച വിദഗ്ധസമിതി വിശകലനം ചെയ്തുവരികയാണ്.

Related Articles

Latest Articles