Tuesday, May 7, 2024
spot_img

ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്; പിണറായി ഭരണത്തില്‍ കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി; പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്?

പ്രതിപക്ഷ നേതാവ് വി.‍‍‍ഡി സതീശൻ

കൊച്ചി- സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂരില്‍ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിൻ്റെ ക്രിമിനല്‍വത്ക്കരണവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന പോലീസുകാര്‍ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. പെണ്‍കുട്ടികൾ ഉള്‍പ്പെടെയുള്ളവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചു.

അക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീടുകള്‍ കത്തിക്കാനും ഉത്തരവ് നല്‍കിയിരുന്ന ക്രിമിനലായിരുന്നു പിണറായി വിജയന്‍. അതേ ക്രിമിനല്‍ മനസുള്ള ഒരാളാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കുകയാണ്. ഇത്രയും ക്രൂരമായ അക്രമം നടത്തിയ സി.പി.എം ക്രിമിനലുകളെ മുഖ്യമന്ത്രി പ്രശംസിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി

ക്രിമിനലിൻ്റെ മനസുള്ളതു കൊണ്ടാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കുട്ടികളെ ആക്രമിച്ചരെ ന്യായികരിച്ചത്. ഗുണ്ടകളുടെ നാടായി കേരളം മാറി. ഇതു തന്നെയാണ് ബംഗാളിലെ സി.പി.എമ്മിൻ്റെ പതനത്തിന് കാരണമായത്. ഇതാണ് മുഖ്യമന്ത്രിയുടെ മറുപടിയെങ്കിൽ എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കാള്‍ പിണറായിയെ കരിങ്കൊടി കാണിക്കും. കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഒരു രാഷ്ട്രീയ യോഗത്തിന് സ്വാഗതം പറയേണ്ട ഗതികേടാണ് ചീഫ് സെക്രട്ടറിക്ക് വന്നത്. ഉദ്യോഗസ്ഥമാരെയൊക്കെ പിരിവിന് ഇറക്കിയിരിക്കുകയാണ്. എത്ര ഫ്‌ളെക്‌സ് വച്ചിട്ടുണ്ടെന്നതിൻ്റെ പടം എടുത്ത് സി.പി.എം ഏര്യാ സെക്രട്ടറിയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ജോലിയാണ് തഹസീല്‍ദാറും വില്ലേജ് ഓഫീസറും പാഞ്ചായത്ത് സെക്രട്ടറിയുമൊക്കെ ചെയ്യുന്നത്.

മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല. മുഖ്യമന്ത്രിക്കൊപ്പം വെറുതെ യാത്ര ചെയ്യുകയാണ്. ജനങ്ങളുടെ പരാതി പോലും മന്ത്രിമാര്‍ സ്വീകരിക്കുന്നില്ല. പൗരപ്രമുഖരുമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മന്ത്രിമാരുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. നാല് മാസമായി സാമൂഹിക സുരക്ഷാ പെന്‍ഷനും നെല്ല് സംഭരണത്തിനുള്ള പണവും കുട്ടികള്‍ക്ക് ഉച്ചയൂണിനുള്ള പണവും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും കൊടുക്കാത്തിട്ടില്ല. അരാജകത്വമാണ് സംസ്ഥാനത്ത്.
പിണറായി വിജയന്‍ ഇരുന്ന ബസ് മ്യൂസിയത്തില്‍ വയ്ക്കാമെന്നും വിറ്റാല്‍ കോടികള്‍ കിട്ടുമെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയാണ് സി.പി.എം.

  നവകേരളസദസിൽ പ്രമുഖരെ കണ്ടിട്ടും കാസർകോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല.  യു.ഡി.എഫ് വിചാരണ സദസില്‍ പൗരപ്രമുഖരായി പാവങ്ങളായ കര്‍ഷകരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടാത്തവരും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാത്തവരും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

Related Articles

Latest Articles