Friday, May 10, 2024
spot_img

“കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എ സി മൊയ്തീൻ! ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശ്ശൂരില്‍ എത്തുമ്പോള്‍ സതീഷുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു!” – ഗുരുതരാരോപണങ്ങളുമായി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യസാക്ഷി ജിജോര്‍; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമോ ?

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി എ.സി. മൊയ്തീനെതിരെ ഗുരുതരാരോപണങ്ങളുമായി കേസിലെ മുഖ്യസാക്ഷി ജിജോര്‍. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മൊയ്തീനാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്കെന്നും ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശ്ശൂരില്‍ എത്തുമ്പോള്‍ സതീഷുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ജിജോര്‍ ആരോപിച്ചു.

” ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച് എ.സി. മൊയ്തീന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു. ഇവരുടേത് ഉള്‍പ്പെടെ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ട്. 2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നു. മൊയ്തീന് പുറമേ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടുള്ള ഇടപാടുകള്‍ മൊയ്തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തി. റിട്ടയേഡ് ഡിവൈ.എസ്.പിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ട്.”- ജിജോര്‍ ആരോപിച്ചു.

കേസിലെ മുഖ്യപ്രതിയായ വെള്ളപ്പായ സതീശന്റെ ഇടനിലക്കാരനാണ് ജിജോര്‍. കരുവന്നൂരിലേയും മറ്റ് സഹകരണബാങ്കുകളിലേയും ഇടപാടുള്‍ സതീശന്‍ നടത്തിയിരുന്നത് ജിജോര്‍ മുഖേനയായിരുന്നു.

Related Articles

Latest Articles