മലപ്പുറം: മലപ്പുറത്തെ ശൈശവ വിവാഹത്തിൽ (Child Marriage) ഊർജ്ജിത നടപടികളുമായി പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ വീട്ടുകാർക്കെതിരെ പോക്സോ കേസ് എടുത്തു. പെൺകുട്ടി ഗർഭിണിയായതിനാലാണ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമപ്രകാരം വരന്റെയും വധുവിന്റെയും വീട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അതേസമയം ശിശു ക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) ഇടപെടലിൽ ആറുമാസം ഗർഭിണിയായ 17 കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെൺകുട്ടിയെ 16ാം വയസിലാണ് വണ്ടൂർ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. വരൻ ഇവരുടെ ബന്ധുവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലെ അംഗമാണ് പെൺകുട്ടി. ചൈൽഡ് ഡെലവപ്മെന്റ് പ്രൊജക്ട് ഓഫീസർക്കാണ് ശൈശവ വിവാഹം നടന്ന വിവരം ആദ്യം ലഭിച്ചത്. ഇവർ പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്.

