Sunday, May 5, 2024
spot_img

പിടിവിട്ട് കൊച്ചിൻ ഷിപ്‌യാഡ്;ഒരു മാസം ഓഹരിമൂല്യം വളർന്നത് 37%; കപ്പൽശാലയുടെ കിരീടത്തിലെ പൊൻതൂവലായി ആദ്യ പടക്കപ്പൽ

ഇന്ത്യ തദ്ദേശീയമായി രൂപകൽപനചെയ്ത ആദ്യ വിമാനവാഹിനി പടക്കപ്പൽ ‘ഐഎൻഎസ് വിക്രാന്ത്’ സേനയ്ക്കായി നിർമിച്ചു നൽകിയതിൽ തലയുയർത്തി നിൽക്കുകയാണ് കൊച്ചിൻ ഷിപ്‌യാഡ്. വാണിജ്യക്കപ്പലുകൾ മാത്രം നിർമിച്ചിട്ടുള്ള കൊച്ചി കപ്പൽശാലയുടെ കിരീടത്തിലെ പൊൻതൂവലായി ആദ്യ പടക്കപ്പൽ നിർമാണം. ഒട്ടേറെ യാനങ്ങളുടെ പുതിയ നിർമാണ കരാറുകളും ഷിപ്‌യാഡിനെ തേടിയെത്തുകയും ചെയ്യുന്നു.

കോവിഡ് പ്രതിസന്ധിക്കു ശേഷം ഷിപ്‌യാഡിനെ സംബന്ധിച്ച് അഭിമാനാർഹമായ വാർത്തകളാണ് പുറത്തു വരുന്നത്. ഷിപ്‌യാഡിന്റെ ഓഹരിവിലയിലും ഈ സംഭവവികാസങ്ങൾ നിർണായക മാറ്റം വരുത്തിയിരിക്കുന്നു. നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരി വിലയും കപ്പലേറുന്നു. ഈ വർഷം ഇതുവരെ ഷിപ്‌യാഡ് ഓഹരി മൂല്യത്തിൽ ഉണ്ടായ വളർച്ച 45.17 ശതമാനമാണ്. ഒരു മാസത്തിനിടയിൽ 37.11 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളോട് പൊതുവേ അത്ര മതിപ്പു കാണിക്കാത്ത ഹൃസ്വകാല നിക്ഷേപകർക്കും കൊച്ചിൻ ഷിപ്‌യാഡിനോട് പ്രിയമേറിയിട്ടുണ്ട്. വിപണിയിൽ ക്രയവിക്രയം ചെയ്യുന്ന ഷിപ്‌യാഡ് ഓഹരികളുടെ എണ്ണത്തിലുള്ള വർധന കാണിക്കുന്നതും അതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 350–370 നിലവാരത്തിൽ വ്യാപാരം നടത്തിയിരുന്ന ഷിപ്‌യാഡ് ഓഹരിയുടെ ഇക്കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില 521 ആണ്. കഴിഞ്ഞ സെപ്റ്റംബർ 16ന് 383 നിലവാരത്തിലായിരുന്നു വില. ഒക്ടോബറിൽ തന്നെ 560 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു.

Related Articles

Latest Articles