Friday, May 10, 2024
spot_img

‘കോൺഗ്രസ് വംശനാശത്തിന്റെ വക്കിൽ’! ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് പാർട്ടി; മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിലേക്ക്

ഭോപ്പാൽ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുരേഷ് പച്ചൗരി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമയുടെ സാന്നിദ്ധ്യത്തിലാണ് സുരേഷ് പച്ചൗരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ഞാൻ രാഷ്ട്രീയത്തിൽ ചേരുമ്പോൾ രാഷ്ട്രത്തെ സേവിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യം ജാതിരഹിതവും വർഗ്ഗരഹിതവുമായ ഒരു സമൂഹം രൂപീകരിക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി കോൺഗ്രസ് ഈ കാര്യങ്ങളിൽ പരാജിതമാണെന്ന് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെ നിരസിക്കാൻ കോൺഗ്രസ് ഉപയോഗിച്ച ഭാഷ വേദനാജനകമാണ്. കോൺഗ്രസ് എടുക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭം ഉണ്ടാക്കുന്നതായിരുന്നു എന്നും സുരേഷ് പച്ചൗരി കൂട്ടിച്ചേർത്തു. ഉപാധികളില്ലാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപ്രദേശ് കോൺഗ്രസിലെ ഉന്നതനായ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തിനെ പോലുള്ള നല്ല നേതാക്കൾക്ക് കോൺഗ്രസിൽ ഇപ്പോൾ സ്ഥാനമില്ല. അതുകൊണ്ട് നല്ല നേതാക്കന്മാർ പാർട്ടിയിൽ നിന്ന് രാജി വച്ചു പോവുകയാണ് എന്ന് വി ഡി ശർമ പറഞ്ഞു. കോൺഗ്രസ് വംശനാശത്തിന്റെ വക്കിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പച്ചൗരി, കേന്ദ്ര പ്രതിരോധ സഹമന്ത്രിയായിരുന്നു. കൂടാതെ ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ നാല് തവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Latest Articles