Tuesday, April 30, 2024
spot_img

‘ഭരണഘടന എന്നത് വളരെ പവിത്രമായ ഒന്നാണ്, എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നു’; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ദില്ലി: മൂന്നാം വട്ടം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുന്നതിലും തുല്യമായ അവകാശങ്ങൾ ഉറപ്പക്കാക്കുന്നതുമായ അംബേദ്കറുടെ ഭരണഘടനയോട് താൻ എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഭരണഘടന അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുകയാണ്. രാജ്യത്തെ ഒന്നായി ഐക്യത്തോടെ നിലനിർത്തുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഭരണഘടന എന്നത് വളരെ പവിത്രമായ ഒന്നാണ്. നമ്മുടെ വിശ്വാസത്തിന്റെ ആധാരം കൂടിയാണതെന്നും പ്രധാനമന്ത്രി പറയുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ബിജെപി ഭരണഘടനയെ ഇല്ലാതാക്കുമെന്ന ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റേയും പ്രതിപക്ഷത്തിന്റേയും ആരോപണത്തിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

താനോ ബിജെപിയോ ഇത്തരമൊരു തരം താണ പ്രവർത്തിക്ക് ഒരിക്കലും ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഭരണഘടനയെ മാറ്റാൻ അത് രചിച്ച അംബേദ്കറിന് പോലും കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയ്‌ക്ക് എതിരായ കാര്യങ്ങൾ ചെയ്ത് വർഷങ്ങൾക്ക് മുൻപ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയ്‌ക്ക് കൂച്ചുവിലങ്ങിട്ട് അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് ഇന്ന് ബിജെപിയുടെ എതിരാളികളായി നിൽക്കുന്നത്. ഭരണം ഒരു കുടുംബത്തിനുള്ളിൽ ഒതുങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ഭരണഘടനയോട് എല്ലാക്കാലത്തും അവജ്ഞയോടെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Related Articles

Latest Articles