Tuesday, April 30, 2024
spot_img

പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി! ആശംസകളുമായി പ്രധാനമന്ത്രി; അപൂർവ്വ മുഹൂർത്തത്തിനൊരുങ്ങി അയോദ്ധ്യാപുരി

ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയം ഏറെ സന്തോഷിക്കുന്ന അവസരമാണിത്. ശ്രീരാമന്റെ അനുഗ്രഹം ഏറെയെത്തുന്ന വർഷമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളേപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ സാധിച്ചു. അന്നത്തെ ദൃശ്യങ്ങൾ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാമനവമി ദിനത്തിൽ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. 30 ലക്ഷം വരെ തീർത്ഥാടകർ ഇന്ന് അയോദ്ധ്യ രാമ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബം​ഗാളിൽ സംഘപരിവാർ സംഘടനകളും, തൃണമൂൽ കോൺ​ഗ്രസും കൊൽക്കത്തയിൽ ഉൾപ്പടെ ശോഭായാത്ര സംഘടിപ്പിക്കുന്നുണ്ട്. രാമനവമി ദിനത്തിൽ ആദ്യമായി സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തും ജാ​ഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഭക്തർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ഇന്ന് ഉച്ചയ്‌ക്ക് 12.15ഓടെ നടക്കും. നാല് മിനിറ്റോളമാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക. സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ 75 മില്ലിമീറ്റർ നീളത്തിലുള്ള തിലകം ആയിട്ടാണ് ഈ സമയം പതിക്കുന്നത്‌.

റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സൂര്യന്റെ ചലനത്തെ അടിസ്ഥാനമാക്കി സമയം കണക്കാക്കിയിട്ടുള്ളതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിക്കും. അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിക്കും. അവിടെ നിന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിലുള്ള ഭഗവാന്റെ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് തിലകമായി പതിക്കും.

Related Articles

Latest Articles