Monday, April 29, 2024
spot_img

കോവിഡ് പ്രതിസന്ധിയിൽ കോട്ടയം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.
തലസ്ഥാന ജില്ലയ്ക്ക് പുറമെ കോട്ടയത്തെ മലയോര മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കൊവിഡ് രോഗലക്ഷണമുള്ളവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിൽ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോൾ 130 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

എന്നാൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ആവശ്യമുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റ​ഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്.

Related Articles

Latest Articles